← Zechariah (14/14) |
1. | അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. |
2. | ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. |
3. | എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. |
4. | അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. |
5. | എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. |
6. | അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. |
7. | യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. |
8. | അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; |
9. | യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. |
10. | ദേശം മുഴവനും മാറി ഗേബ മുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻ ഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. |
11. | അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. |
12. | യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നു നില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. |
13. | അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും. |
14. | യെഹൂദയും യെരൂശലേമിൽവെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. |
15. | അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും. |
16. | എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും. |
17. | ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല. |
18. | മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും. |
19. | കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ. |
20. | അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും. |
21. | യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല. |
← Zechariah (14/14) |