← Proverbs (10/31) → |
0. | ശലോമോന്റെ സദൃശവാക്യങ്ങൾ |
1. | ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു. |
2. | ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. |
3. | യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു. |
4. | മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. |
5. | വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ. |
6. | നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
7. | നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. |
8. | ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. |
9. | നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. |
10. | കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. |
11. | നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
12. | പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. |
13. | വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം. |
14. | ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. |
15. | ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. |
16. | നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. |
17. | പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; |
18. | പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. |
19. | വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. |
20. | നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. |
21. | നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. |
22. | യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല. |
23. | ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ. |
24. | ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. |
25. | ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. |
26. | ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു. |
27. | യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. |
28. | നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും. |
29. | യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്‌പ്രവൃത്തിക്കാർക്കോ അതു നാശകരം. |
30. | നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. |
31. | നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. |
32. | നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു. |
← Proverbs (10/31) → |