← Numbers (6/36) → |
1. | യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: |
2. | നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിന്നു നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ |
3. | വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു. |
4. | തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു. |
5. | നാസീർവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം. |
6. | അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; |
7. | അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു; |
8. | നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു. |
9. | അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം. |
10. | എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം. |
11. | പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം. |
12. | അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം. |
13. | വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം. |
14. | അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, |
15. | ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം. |
16. | പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം. |
17. | അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാനയാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം. |
18. | പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം; |
19. | വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം. |
20. | പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം. |
21. | നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം. |
22. | യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: |
23. | നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: |
24. | യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; |
25. | യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; |
26. | യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. |
27. | ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും. |
← Numbers (6/36) → |