← Numbers (4/36) → |
1. | യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: |
2. | ലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനകൂടാരത്തിൽ |
3. | വേലചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ. |
4. | സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ: |
5. | പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം. |
6. | തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം. |
7. | കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം. |
8. | അവയുടെ മേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം. |
9. | ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം. |
10. | അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം. |
11. | സ്വർണ്ണ പീഠത്തിന്മേൽ അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം. |
12. | വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചു കെട്ടുകയും വേണം. |
13. | അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം. |
14. | അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം. |
15. | പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീർന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമടു ഇവ തന്നേ. |
16. | പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ. |
17. | യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: |
18. | നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു. |
19. | അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം. |
20. | എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു. |
21. | യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: |
22. | ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക. |
23. | മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം. |
24. | സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ: |
25. | തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, |
26. | പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം. |
27. | ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. |
28. | സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം. |
29. | മെരാർയ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം. |
30. | മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം. |
31. | സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, |
32. | ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം. |
33. | പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാർയ്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ. |
34. | മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ |
35. | സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. |
36. | അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ. |
37. | മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്വാനുള്ളവർ എല്ലാം ഇവർ തന്നേ. |
38. | ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ |
39. | മുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്നവരായി |
40. | കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതു പേർ. |
41. | യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്വാനുള്ളവർ എല്ലാം ഇവർ തന്നേ. |
42. | മെരാർയ്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ |
43. | മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്നവരായി |
44. | അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ. |
45. | യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാർയ്യ കുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ. |
46. | മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതുവയസ്സുവരെ |
47. | സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്വാൻ പ്രവേശിച്ചവർ ആകെ |
48. | എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു. |
49. | യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചപോലെ അവൻ അവരെ എണ്ണി. |
← Numbers (4/36) → |