← Numbers (25/36) → |
1. | യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. |
2. | അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. |
3. | യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. |
4. | യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. |
5. | മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു. |
6. | എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു. |
7. | അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു, |
8. | ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. |
9. | ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ. |
10. | പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: |
11. | ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. |
12. | ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു. |
13. | അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം. |
14. | മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. |
15. | കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു. |
16. | പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു, |
17. | നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ |
18. | എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു. |
← Numbers (25/36) → |