← Matthew (4/28) → |
1. | അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. |
2. | അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു. |
3. | അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. |
4. | അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. |
5. | പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: |
6. | നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. |
7. | യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. |
8. | പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: |
9. | വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. |
10. | യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. |
11. | അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു. |
12. | യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി, |
13. | നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; |
14. | “സെബൂലൂൻദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും.” |
15. | ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” |
16. | എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു. |
17. | അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി. |
18. | അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: |
19. | “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. |
20. | ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. |
21. | അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. |
22. | അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു. |
23. | പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു. |
24. | അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. |
25. | അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു. |
← Matthew (4/28) → |