← Matthew (10/28) → |
1. | അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു. |
2. | പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, |
3. | അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, |
4. | തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ. |
5. | ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും |
6. | യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. |
7. | നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. |
8. | രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. |
9. | മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും |
10. | വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ |
11. | ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ. |
12. | ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ. |
13. | വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. |
14. | ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. |
15. | ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. |
16. | ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. |
17. | മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും |
18. | എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. |
19. | എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. |
20. | പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ. |
21. | സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും. |
22. | എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. |
23. | എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. |
24. | ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല; |
25. | ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? |
26. | അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല. |
27. | ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ. |
28. | ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. |
29. | കാശിന്നു രണ്ടു കുരികിൽ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. |
30. | എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. |
31. | ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. |
32. | മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും. |
33. | മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. |
34. | ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. |
35. | മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. |
36. | മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. |
37. | എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. |
38. | തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. |
39. | തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. |
40. | നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. |
41. | പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. |
42. | ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” |
← Matthew (10/28) → |