← Luke (21/24) → |
1. | അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു. |
2. | ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: |
3. | “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു” എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. |
4. | എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു. |
5. | ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: |
6. | ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും” എന്നു അവൻ പറഞ്ഞു. |
7. | ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു. |
8. | അതിന്നു അവൻ: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. |
9. | നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും” എന്നു പറഞ്ഞു. |
10. | പിന്നെ അവൻ അവരോടു പറഞ്ഞതു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. |
11. | വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. |
12. | ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. |
13. | അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. |
14. | ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ. |
15. | നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. |
16. | എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. |
17. | എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. |
18. | നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. |
19. | നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും. |
20. | സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. |
21. | അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. |
22. | എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. |
23. | ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. |
24. | അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. |
25. | സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. |
26. | ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും. |
27. | അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. |
28. | ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ. |
29. | ഒരുപമയും അവരോടു പറഞ്ഞതു: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. |
30. | അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. |
31. | അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. |
32. | സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല ” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. |
33. | ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. |
34. | നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. |
35. | അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. |
36. | ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. |
37. | അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും. |
38. | ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും. |
← Luke (21/24) → |