← Luke (10/24) → |
1. | അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: |
2. | കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ. |
3. | പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. |
4. | സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; |
5. | ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ |
6. | അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. |
7. | അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു. |
8. | ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ. |
10. | ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: |
11. | നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. |
12. | ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു. |
13. | കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. |
14. | എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും. |
15. | നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. |
16. | നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. |
17. | ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; |
18. | അവൻ അവരോടു: “സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. |
19. | പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. |
20. | എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. |
21. | ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. |
22. | എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. |
23. | പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: “നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു. |
24. | നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പ്രത്യേകം പറഞ്ഞു. |
25. | അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. |
26. | അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ: |
27. | നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു. |
28. | അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു. |
29. | അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു: |
30. | ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി. |
31. | ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി. |
32. | അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. |
33. | ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു |
34. | എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. |
35. | പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു. |
36. | കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു? |
37. | അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു. |
38. | പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. |
39. | അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. |
40. | മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. |
41. | കർത്താവു അവളോടു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. |
42. | എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല. |
← Luke (10/24) → |