← Leviticus (27/27) |
1. | യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: |
2. | യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം. |
3. | ഇരുപതു വയസ്സുമുതൽ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം. |
4. | പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം. |
5. | അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം. |
6. | ഒരു മാസം മുതൽ അഞ്ചുവയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം. |
7. | അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം. |
8. | നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കു ഒത്തവണം പുരോഹിതൻ അവനെ മതിക്കേണം. |
9. | അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം. |
10. | തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. |
11. | അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം. |
12. | അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം. |
13. | അതിനെ വീണ്ടെടുക്കുന്ന എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം. |
14. | ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം. |
15. | തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും. |
16. | ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം. |
17. | യോബേൽസംവത്സരംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ഇരിക്കേണം. |
18. | യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം. |
19. | നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നൽ അതു അവന്നു സ്ഥിരമായിരിക്കും. |
20. | അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ. |
21. | ആ നിലം യൊബേൽ സംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം. |
22. | തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ |
23. | പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നു തന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം. |
24. | ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം. |
25. | നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം. |
26. | കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു. |
27. | അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം. |
28. | എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു. |
29. | മനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം. |
30. | നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം. |
31. | ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേണം. |
32. | മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം. |
33. | അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ. |
34. | യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ. |
← Leviticus (27/27) |