← Leviticus (16/27) → |
1. | അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: |
2. | കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം. |
3. | പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. |
4. | അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം. |
5. | അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. |
6. | തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. |
7. | അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. |
8. | പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. |
9. | യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. |
10. | അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. |
11. | പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം. |
12. | അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽനിറെച്ചു സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം. |
13. | താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം. |
14. | അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം. |
15. | പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. |
16. | യിസ്രായേൽമക്കളുടെ അശുദ്ധികൾനിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾനിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിന്നും അവൻ അങ്ങനെ തന്നേ ചെയ്യേണം. |
17. | അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. |
18. | പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. |
19. | അവൻ രക്തം കുറെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. |
20. | അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം. |
21. | ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം. |
22. | കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം. |
23. | പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം. |
24. | അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. |
25. | അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. |
26. | ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു. |
27. | വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം. |
28. | അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു. |
29. | ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു. |
30. | ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു. |
31. | അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു. |
32. | അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം. |
33. | അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. |
34. | സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു. |
← Leviticus (16/27) → |