← Lamentations (5/5) |
1. | യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. |
2. | ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു. |
3. | ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു. |
4. | ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു. |
5. | ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല. |
6. | അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂർയ്യർക്കും കീഴടങ്ങിയിരിക്കുന്നു. |
7. | ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. |
8. | ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. |
9. | മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. |
10. | ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വൿ അടുപ്പുപോലെ കറുത്തിരിക്കുന്നു. |
11. | അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു. |
12. | അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. |
13. | യൌവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു. |
14. | വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല. |
15. | ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. |
16. | ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം! |
17. | ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു. |
18. | സീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ. |
19. | യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. |
20. | നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? |
21. | യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ; |
22. | അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ? |
← Lamentations (5/5) |