← Judges (16/21) → |
1. | അനന്തരം ശിംശോൻ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. |
2. | ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു. |
3. | ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. |
4. | അതിന്റെശേഷം അവൻ സോരേൿ താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. |
5. | ഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു. |
6. | അങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. |
7. | ശിംശോൻ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. |
8. | ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു. |
9. | അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. |
10. | പിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്നു ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. |
11. | അവൻ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയർകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. |
12. | ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു. |
13. | ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു. |
14. | അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു. |
15. | അപ്പോൾ അവൾ അവനോടു: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു. |
16. | ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു. |
17. | ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു. |
18. | തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു. |
19. | അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ, |
20. | ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു. |
21. | ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു. |
22. | അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നുതുടങ്ങി. |
23. | അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി. |
24. | പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി. |
25. | അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു. |
26. | ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. |
27. | എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. |
28. | അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. |
29. | ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: |
30. | ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു. |
31. | അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു. |
← Judges (16/21) → |