Jude (1/1) |
1. | യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു: |
2. | നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ. |
3. | പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി. |
4. | നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു. |
5. | നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. |
6. | തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. |
7. | അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. |
8. | അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു. |
9. | എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ. |
10. | ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. |
11. | അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു. |
12. | ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; |
13. | തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ. |
14. | ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: |
15. | “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു. |
16. | അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു. |
17. | നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. |
18. | അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ. |
19. | അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ. |
20. | നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു |
21. | നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. |
22. | സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ; |
23. | ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. |
24. | വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. |
Jude (1/1) |