← John (9/21) → |
1. | അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. |
2. | അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. |
3. | അതിന്നു യേശു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. |
4. | എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു; |
5. | ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു. |
6. | ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി |
7. | “നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. |
8. | അയൽക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു. |
9. | അവൻ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. |
10. | അവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ: |
11. | യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു. |
12. | അവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു. |
13. | കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. |
14. | യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു. |
15. | അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. |
16. | പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. |
17. | അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു. |
18. | കാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. |
19. | കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു. |
20. | അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. |
21. | എന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു. |
22. | യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു |
23. | അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു. |
24. | കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. |
25. | അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. |
26. | അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. |
27. | അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. |
28. | അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. |
29. | മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. |
30. | ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചയ്യം. |
31. | പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. |
32. | കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. |
33. | ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. |
34. | അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു. |
35. | അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ ” എന്നു ചോദിച്ചു. |
36. | അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. |
37. | യേശു അവനോടു: “നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ” എന്നു പറഞ്ഞു. |
38. | ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. |
39. | “കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു” എന്നു യേശു പറഞ്ഞു. |
40. | അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. |
41. | യേശു അവരോടു: “നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു” എന്നു പറഞ്ഞു. |
← John (9/21) → |