← John (4/21) → |
1. | യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ — |
2. | ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും — |
3. | അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു. |
5. | അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. |
7. | ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു. |
8. | അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. |
9. | ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല — |
10. | അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു. |
11. | സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? |
12. | നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. |
13. | യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. |
14. | ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. |
15. | സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. |
16. | യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു. |
17. | എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. |
18. | അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു. |
19. | സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. |
20. | ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. |
21. | യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. |
22. | നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. |
23. | സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. |
24. | ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. |
25. | സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. |
26. | യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു. |
27. | ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല. |
28. | അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു: |
29. | ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. |
30. | അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു. |
31. | അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു. |
32. | അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു. |
33. | ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. |
34. | യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം. |
35. | ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു. |
36. | “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. |
37. | വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. |
38. | നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. |
39. | ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. |
40. | അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു. |
41. | ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു: |
42. | ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. |
43. | രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടം വിട്ടു ഗലീലെക്കു പോയി. |
44. | പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു. |
45. | അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു. |
46. | അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. |
47. | യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. |
48. | യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു. |
49. | രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. |
50. | യേശു അവനോടു: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി. |
51. | അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. |
52. | അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. |
53. | ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. |
54. | യേശു യെഹൂദ്യയിൽ നിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു. |
← John (4/21) → |