← John (18/21) → |
1. | ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. |
2. | അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. |
3. | അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. |
4. | യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. |
5. | നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. |
6. | ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. |
7. | നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. |
8. | ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. |
9. | നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. |
10. | ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മൽക്കൊസ് എന്നു പേർ. |
11. | യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. |
12. | പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി |
13. | ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. |
14. | കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ. |
15. | ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. |
16. | പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതിൽകാവൽക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. |
17. | വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു. |
18. | അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു. |
19. | മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. |
20. | അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; |
21. | രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. |
22. | അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു. |
23. | യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു. |
24. | ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു. |
25. | ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു. |
26. | മഹാപുരോഹിതന്റെ ദാസന്മാരിൽ വെച്ച പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. |
27. | പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി! |
28. | പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. |
29. | പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. |
30. | കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു. |
31. | പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. |
32. | യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. |
33. | പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. |
34. | അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. |
35. | പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: |
36. | എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. |
37. | പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. |
38. | പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. |
39. | എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും: |
40. | ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു. |
← John (18/21) → |