← Job (8/42) → |
1. | അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: |
2. | എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? |
3. | ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? |
4. | നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. |
5. | നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, |
6. | നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. |
7. | നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. |
8. | നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക. |
9. | നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. |
10. | അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. |
11. | ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? |
12. | അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു. |
13. | ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും; |
14. | അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. |
15. | അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല. |
16. | വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. |
17. | അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു. |
18. | അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും. |
19. | ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും. |
20. | ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. |
21. | അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും. |
22. | നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും. |
← Job (8/42) → |