← Job (22/42) → |
1. | അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: |
2. | മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു. |
3. | നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ? |
4. | നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു? |
5. | നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല. |
6. | നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. |
7. | ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. |
8. | കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. |
9. | വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. |
10. | അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. |
11. | അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? |
12. | ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. |
13. | എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ? |
14. | കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു. |
15. | ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗ്ഗം നീ പ്രമാണിക്കുമോ? |
16. | കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. |
17. | അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സർവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു. |
18. | അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. |
19. | നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: |
20. | ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു. |
21. | നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. |
22. | അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. |
23. | സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും. |
24. | നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. |
25. | അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. |
26. | അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. |
27. | നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. |
28. | നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. |
29. | നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും. |
30. | നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും. |
← Job (22/42) → |