← Job (15/42) → |
1. | അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: |
2. | ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ? |
3. | അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? |
4. | നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. |
5. | നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു. |
6. | ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു. |
7. | നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ? |
8. | നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ? |
9. | ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു? |
10. | ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ. |
11. | ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? |
12. | നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു? |
13. | നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. |
14. | മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? |
15. | തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല. |
16. | പിന്നെ ംലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? |
17. | ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം. |
18. | ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ. |
19. | അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. |
20. | ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ. |
21. | ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. |
22. | അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു. |
23. | അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു. |
24. | കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. |
25. | അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സർവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ. |
26. | തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു. |
27. | അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു. |
28. | അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. |
29. | അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനിൽക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല. |
30. | ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവൻ കെട്ടുപോകും. |
31. | അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും. |
32. | അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല. |
33. | മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. |
34. | വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും. |
35. | അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു. |
← Job (15/42) → |