← Jeremiah (22/52) → |
1. | യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക: |
2. | ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ! |
3. | യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു. |
4. | നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും. |
5. | ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു. |
6. | യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും. |
7. | ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും. |
8. | അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും |
9. | അവർ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും. |
10. | മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല. |
11. | തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല. |
12. | അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല. |
13. | നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും |
14. | ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം! |
15. | ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു. |
16. | അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു. |
17. | എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല. |
18. | അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല. |
19. | യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും. |
20. | ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ. |
21. | നിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ഞാൻ കേൾക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം. |
22. | നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും. |
23. | ദേവദാരുക്കളിന്മേൽ കൂടുവെച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും. |
24. | എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്റെ വലങ്കൈക്കു ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു. |
25. | ഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ. |
26. | ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങൾ മരിക്കും. |
27. | അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്കു അവർ മടങ്ങിവരികയില്ല. |
28. | കൊന്യാവു എന്ന ഈ ആൾ, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്തു? |
29. | ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക! ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭം വരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തന്നും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. |
← Jeremiah (22/52) → |