← Jeremiah (21/52) → |
1. | സിദെക്കീയാരാജാവു മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: |
2. | ബാബേൽരാജാവായ നെബൂഖദുനേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. |
3. | യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം: |
4. | യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു ഈ നഗരത്തിന്റെ നടുവിൽ കൂട്ടും. |
5. | ഞാൻ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും. |
6. | ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. |
7. | അതിന്റെ ശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു. |
8. | നീ ഈ ജനത്തോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു. |
9. | ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും. |
10. | ഞാൻ എന്റെ മുഖം ഈ നഗരത്തിന്നുനേരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും. |
11. | യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ! |
12. | ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‍വിൻ. |
13. | താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. |
14. | ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. |
← Jeremiah (21/52) → |