← Genesis (50/50) |
1. | അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു. |
2. | പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു. |
3. | അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു. |
4. | അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു: |
5. | എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു. |
6. | നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു. |
7. | അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും |
8. | മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി. |
9. | രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു. |
10. | അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു. |
11. | ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു. |
12. | അവൻ കല്പിച്ചിരുന്നതുപോലെ പുത്രന്മാർ അവന്നു ചെയ്തു. |
13. | അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മൿപേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു. |
14. | യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു. |
15. | അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു. |
16. | അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു. |
17. | ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു. |
18. | അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു. |
19. | യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ? |
20. | നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു. |
21. | ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. |
22. | യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു. |
23. | എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു. |
24. | അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. |
25. | ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. |
26. | യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു. |
← Genesis (50/50) |