← Genesis (44/50) → |
1. | അനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക. |
2. | ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു. |
3. | നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു. |
4. | അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു? |
5. | അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? അതിനാലല്ലയോ ലക്ഷണം നോക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു. |
6. | അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു. |
7. | അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല. |
8. | ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ? |
9. | അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം. |
10. | അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും. |
11. | അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു. |
12. | അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു. |
13. | അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു. |
14. | യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു. |
15. | യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു. |
16. | അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു. |
17. | അതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു. |
18. | അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ; |
19. | യജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു. |
20. | അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു. |
21. | അപ്പോൾ യജമാനൻ അടയിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ. |
22. | ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു. |
23. | അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു. |
24. | അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു. |
25. | അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു. |
26. | അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു. |
27. | അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ. |
28. | അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല. |
29. | നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. |
30. | അതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു, |
31. | ബാലൻ ഇല്ലെന്നു കണ്ടാൻ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. |
32. | അടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. |
33. | ആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾയവാനും അനുവദിക്കേണമേ. |
34. | ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ. |
← Genesis (44/50) → |