← Genesis (42/50) → |
1. | മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു? |
2. | മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു. |
3. | യോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി. |
4. | എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. |
5. | അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. |
6. | യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു. |
7. | യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു. |
8. | യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. |
9. | യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. |
10. | അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു; |
11. | ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു. |
12. | അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. |
13. | അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു. |
14. | യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ. |
15. | ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല. |
16. | നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ. |
17. | അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി. |
18. | മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്വിൻ: |
19. | നിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ. |
20. | എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു. |
21. | ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു. |
22. | അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു. |
23. | യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല. |
24. | അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു. |
25. | അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കു ചെയ്തുകൊടുത്തു. |
26. | അവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു. |
27. | വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു, |
28. | തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു. |
29. | അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു: |
30. | ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. |
31. | ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. |
32. | ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു. |
33. | അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. |
34. | നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. |
35. | പിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി. |
36. | അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു. |
37. | അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു. |
38. | എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു. |
← Genesis (42/50) → |