← Genesis (39/50) → |
1. | എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലെക്കു വാങ്ങി. |
2. | യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു. |
3. | യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു. |
4. | അതുകൊണ്ടു യോസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു. |
5. | അവൻ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. |
6. | അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. |
7. | യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. |
8. | അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. |
9. | ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. |
10. | അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല. |
11. | ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‍വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. |
12. | അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. |
13. | അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ, |
14. | അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. |
15. | ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. |
16. | യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വെച്ചുകൊണ്ടിരുന്നു. |
17. | അവനോടു അവൾ അവ്വണ്ണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. |
18. | ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു. |
19. | നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനൻ കേട്ടപ്പോൾ അവന്നു കോപം ജ്വലിച്ചു. |
20. | യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. |
21. | എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി. |
22. | കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു. |
23. | യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല. |
← Genesis (39/50) → |