← Genesis (29/50) → |
1. | പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി. |
2. | അവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു. |
3. | ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും. |
4. | യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു. |
5. | അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു. |
6. | അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു. |
7. | പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു |
8. | അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. |
9. | അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. |
10. | തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. |
11. | യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. |
12. | താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. |
13. | ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. |
14. | ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു. |
15. | പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. |
16. | എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. |
17. | ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. |
18. | യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. |
19. | അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. |
20. | അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി. |
21. | അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. |
22. | അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. |
23. | എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. |
24. | ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. |
25. | നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. |
26. | അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. |
27. | ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. |
28. | യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. |
29. | തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. |
30. | അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവചെയ്തു. |
31. | ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു. |
32. | ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു. |
33. | അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു. |
34. | അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു. |
35. | അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു. |
← Genesis (29/50) → |