← Genesis (23/50) → |
1. | സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം. |
2. | സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിർയ്യത്തർബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു. |
3. | പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: |
4. | ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. |
5. | ഹിത്യർ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: |
6. | നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു. |
7. | അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു: |
8. | എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു, |
9. | അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മൿപേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു. |
10. | എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു: |
11. | അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു. |
12. | അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. |
13. | ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. |
14. | എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: |
15. | നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. |
16. | അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു. |
17. | ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മൿപേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും |
18. | അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി. |
19. | അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മൿപേലാനിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. |
20. | ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു. |
← Genesis (23/50) → |