← Genesis (17/50) → |
1. | അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. |
2. | എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. |
3. | അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: |
4. | എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; |
5. | ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. |
6. | ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. |
7. | ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. |
8. | ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. |
9. | ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. |
10. | എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. |
11. | നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. |
12. | തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി. |
13. | നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. |
14. | അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു. |
15. | ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം. |
16. | ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു. |
17. | അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. |
18. | യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. |
19. | അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും |
20. | യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും. |
21. | എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു. |
22. | ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. |
23. | അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു. |
24. | അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു. |
25. | അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു. |
26. | അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. |
27. | വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു. |
← Genesis (17/50) → |