← Ezra (8/10) → |
1. | അർത്ഥഹ് ശഷ്ടാരാജാവിന്റെ കാലത്തു ബാബേലിൽനിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു: |
2. | ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്; |
3. | ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖർയ്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും. |
4. | പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും, |
5. | ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും. |
6. | ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും. |
7. | ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും. |
8. | ശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും. |
9. | യോബാവിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും. |
10. | ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും. |
11. | ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖർയ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും. |
12. | അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും. |
13. | അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും. |
14. | ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും. |
15. | ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. |
16. | ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ നാഥാൻ, സെഖർയ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു, |
17. | കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു. |
18. | ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ |
19. | ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ |
20. | ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു. |
21. | അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. |
22. | ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. |
23. | അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു. |
24. | പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. |
25. | രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു. |
26. | ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും |
27. | ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു. |
28. | ഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യ ദാനമാകുന്നു; |
29. | നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു. |
30. | അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി. |
31. | യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു. |
32. | അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു. |
33. | നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു. |
34. | എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു. |
35. | പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു. |
36. | അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു. |
← Ezra (8/10) → |