← Exodus (35/40) → |
1. | അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു: |
2. | ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. |
3. | ശബ്ബത്ത നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു. |
4. | മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ: |
5. | നിങ്ങളുടെ ഇടയിൽ നിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം. |
6. | പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, |
7. | ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ തഹശൂതോൽ, ഖദിരമരം, |
8. | വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം, |
9. | ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ. |
10. | നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം. |
11. | തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ |
12. | തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, |
13. | മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, |
14. | വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ, |
15. | ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല, |
16. | ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ, |
17. | പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ, |
18. | തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, |
19. | അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ. |
20. | അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു. |
21. | ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു. |
22. | പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. |
23. | നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടു വന്നു. |
24. | വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു. |
25. | സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. |
26. | സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു. |
27. | പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും |
28. | വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധധൂപത്തിന്നുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു. |
29. | മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു. |
30. | എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യെഹൂദാ ഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു. |
31. | കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും |
32. | രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും |
33. | അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. |
34. | അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു. |
35. | കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു. |
← Exodus (35/40) → |