← Exodus (25/40) → |
1. | യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ: |
2. | എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം. |
3. | അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ, |
4. | ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, |
5. | ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം; |
6. | വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം, |
7. | ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ. |
8. | ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം. |
9. | തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം. |
10. | ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. |
11. | അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. |
12. | അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം. |
13. | ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം. |
14. | തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം. |
15. | തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു. |
16. | ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം. |
17. | തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. |
18. | പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം. |
19. | ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം. |
20. | കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം. |
21. | കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം. |
22. | അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും. |
23. | ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം. |
24. | അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. |
25. | ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. |
26. | അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം. |
27. | മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം. |
28. | തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം. |
29. | അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം. |
30. | മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം. |
31. | തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം. |
32. | നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം. |
33. | ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം. |
34. | വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം. |
35. | അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം. |
36. | അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം. |
37. | അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം. |
38. | അതിന്റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം. |
39. | അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം. |
40. | പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം. |
← Exodus (25/40) → |