← Deuteronomy (14/34) → |
1. | നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു. |
2. | നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. |
3. | മ്ലേച്ഛമായതൊന്നിനെയും തിന്നരുതു. |
4. | നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ആവിതു: |
5. | കാള, ചെമ്മരിയാടു, കോലാടു, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാടു, ചെറുമാൻ, മലയാടു, കവരിമാൻ. |
6. | മൃഗങ്ങളിൽ കുളമ്പു പിളർന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങൾക്കു തിന്നാം. |
7. | എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴി മുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്കു അശുദ്ധം. |
8. | പന്നി: അതു കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങൾക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു. |
9. | വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം. |
10. | എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങൾക്കു അശുദ്ധം. |
11. | ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം. |
12. | പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ, |
13. | ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു |
14. | അതതുവിധം കാക്ക, |
15. | ഒട്ടകപക്ഷി, പുള്ളു, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ, |
16. | നത്തു, കൂമൻ മൂങ്ങാ, വേഴാമ്പൽ, |
17. | കുടുമ്മച്ചാത്തൻ, നീർകാക്ക, |
18. | പെരുഞാറ, അതതുവിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു. |
19. | ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു. |
20. | ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം. |
21. | താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വിൽക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു. |
22. | ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം. |
23. | നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയിൽവെച്ചു തിന്നേണം. |
24. | നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ |
25. | അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം. |
26. | നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. |
27. | നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ. |
28. | മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. |
29. | നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം. |
← Deuteronomy (14/34) → |