← Deuteronomy (10/34) → |
1. | അക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക. |
2. | നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു. |
3. | അങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ ആ പലകയുമായി പർവ്വതത്തിൽ കയറി. |
4. | മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു. |
5. | അനന്തരം ഞാൻ തിരിഞ്ഞു പർവ്വതത്തിൽ നിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. - |
6. | യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി. |
7. | അവിടെനിന്നു അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽ നിന്നു നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു. |
8. | അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു. |
9. | അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. - |
10. | ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി. |
11. | പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവർക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു. |
12. | ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും |
13. | ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു? |
14. | ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധി സ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു. |
15. | നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു. |
16. | ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു. |
17. | നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല. |
18. | അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. |
19. | ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ. |
20. | നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. |
21. | അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ. |
22. | നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു. |
← Deuteronomy (10/34) → |