← Daniel (6/12) → |
1. | രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും |
2. | അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാർയ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു. |
3. | എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു. |
4. | ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല. |
5. | അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. |
6. | അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ്‌രാജാവു ദീർഘായുസ്സായിരിക്കട്ടെ. |
7. | രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു. |
8. | ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. |
9. | അങ്ങനെ ദാർയ്യാവേശ്‌രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു. |
10. | എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. |
11. | അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു. |
12. | ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു. |
13. | അതിന്നു അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു. |
14. | രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. |
15. | എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു. |
16. | അങ്ങനെ രാജാവിൻ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു. |
17. | അവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു. |
18. | പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. |
19. | രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു. |
20. | ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു. |
21. | ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ. |
22. | സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു. |
23. | അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല. |
24. | പിന്നെ രാജാവിന്റെ കല്പനയാൽ, അവൻ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. |
25. | അന്നു ദാർയ്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. |
26. | എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. |
27. | അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. |
28. | എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു. |
← Daniel (6/12) → |