← Daniel (5/12) → |
1. | ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. |
2. | ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദുനേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു. |
3. | അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. |
4. | അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. |
5. | തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു. |
6. | ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. |
7. | രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. |
8. | അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. |
9. | അപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി. |
10. | രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു. |
11. | വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദുനേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ, |
12. | ബേൽത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു. |
13. | അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ? |
14. | ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു. |
15. | ഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. |
16. | എന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും. |
17. | ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം; |
18. | രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദുനേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി. |
19. | അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു. |
20. | എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു. |
21. | അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീർന്നു; അവന്റെ പാർപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു. |
22. | അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ |
23. | സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞുകടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല. |
24. | ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു. |
25. | എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. |
26. | കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു. |
27. | തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. |
28. | പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു. |
29. | അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. |
30. | ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. |
31. | മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. |
← Daniel (5/12) → |