← 2Kings (6/25) → |
1. | പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. |
2. | ഞങ്ങൾ യോർദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു. |
3. | അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു. |
4. | അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. |
5. | എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു. |
6. | അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു. |
7. | അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു. |
8. | അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. |
9. | എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു. |
10. | ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽ രാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു. |
11. | ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു. |
12. | അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. |
13. | നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി. |
14. | അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. |
15. | ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. |
16. | അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. |
17. | പിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. |
18. | അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. |
19. | എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമർയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി |
20. | ശമർയ്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമർയ്യയുടെ നടുവിൽ നില്ക്കുന്നതുകണ്ടു. |
21. | യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു. |
22. | അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു. |
23. | അങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല. |
24. | അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമർയ്യയെ വളഞ്ഞു. |
25. | അവർ ശമർയ്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി. |
26. | ഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു. |
27. | അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു. |
28. | രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു. |
29. | അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു. |
30. | സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു. |
31. | ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവൻ പറഞ്ഞു. |
32. | എലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കുലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതിൽക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. |
33. | അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു. |
← 2Kings (6/25) → |