← 2Kings (17/25) → |
1. | യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ഒമ്പതു സംവത്സരം വാണു. |
2. | അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും. |
3. | അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്നു. |
4. | എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി. |
5. | അശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമർയ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു. |
6. | ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമർയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. |
7. | യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും |
8. | യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. |
9. | യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു. |
10. | അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. |
11. | യഹോവ തങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു. |
12. | ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു. |
13. | എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു. |
14. | എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു, |
15. | അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു. |
16. | അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. |
17. | അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു. |
18. | അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല. |
19. | യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു. |
20. | ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. |
21. | അവൻ യിസ്രായേലിനെ ദാവീദുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു. |
22. | അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു. |
23. | അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു. |
24. | അശ്ശൂർരാജാവു ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമർയ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു. |
25. | അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു. |
26. | അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചതു: നീ കുടിനീക്കി ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ടു അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു. |
27. | അതിന്നു അശ്ശൂർ രാജാവു: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്നു അവിടെ പാർക്കയും അവർ ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു. |
28. | അങ്ങനെ അവർ ശമർയ്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തൻ വന്നു ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവർക്കു ഉപദേശിച്ചുകൊടുത്തു. |
29. | എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാർത്തുവന്ന പട്ടണങ്ങളിൽ ശമർയ്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. |
30. | ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി; |
31. | അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു. |
32. | അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗം കഴിക്കയും ചെയ്യും. |
33. | അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു. |
34. | ഇന്നുവരെയും അവർ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാർഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല. |
35. | യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്കു യാഗംകഴിക്കയും ചെയ്യാതെ |
36. | നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം. |
37. | അവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു. |
38. | ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു. |
39. | നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും. |
40. | എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു. |
41. | അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു. |
← 2Kings (17/25) → |