← 2Kings (15/25) → |
1. | യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസർയ്യാവു രാജാവായി. |
2. | അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ. |
3. | അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. |
4. | എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു. |
5. | എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു. |
6. | അസർയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
7. | അസർയ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി. |
8. | യെഹൂദാരാജാവായ അസർയ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖർയ്യാവു യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ആറു മാസം വാണു. |
9. | അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല. |
10. | യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി. |
11. | സെഖർയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
12. | യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു. |
13. | യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമർയ്യയിൽ ഒരു മാസം വാണു. |
14. | എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ടു ശമർയ്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമർയ്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. |
15. | ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
16. | മെനഹേം തിപ്സഹും അതിലുള്ള സകലവും തിർസ്സാതൊട്ടു അതിന്നു ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളെയൊക്കെയും പിളർന്നുകളകയും ചെയ്തു. |
17. | യെഹൂദാരാജാവായ അസർയ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ പത്തു സംവത്സരം വാണു. |
18. | അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല. |
19. | അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു. |
20. | അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി. |
21. | മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
22. | മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി. |
23. | യെഹൂദാരാജാവായ അസർയ്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ രണ്ടു സംവത്സരം വാണു. |
24. | അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. |
25. | എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമർയ്യാരാജധാനിയുടെ കോട്ടയിൽവെച്ചു അവനെ അർഗ്ഗോബിനോടും അർയ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. |
26. | പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
27. | യെഹൂദാരാജാവായ അസർയ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ഇരുപതു സംവത്സരം വാണു. |
28. | അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. |
29. | യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. |
30. | എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. |
31. | പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
32. | യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി. |
33. | അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു. |
34. | അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു. |
35. | എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു. |
36. | യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
37. | ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി. |
38. | യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി. |
← 2Kings (15/25) → |