← 2Kings (14/25) → |
1. | യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി. |
2. | അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ. |
3. | അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവൻ ചെയ്തു. |
4. | എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു. |
5. | രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു. |
6. | എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു. |
7. | അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു. |
8. | ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു. |
9. | അതിന്നു യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുൾപ്പടർപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു. |
10. | എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നതു എന്തിന്നു? എന്നാൽ അമസ്യാവു കേട്ടില്ല. |
11. | ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു. |
12. | യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി. |
13. | അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു. |
14. | അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമർയ്യയിലേക്കു മടങ്ങിപ്പോയി. |
15. | യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
16. | പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമർയ്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി. |
17. | യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു. |
18. | അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
19. | യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു. |
20. | അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു. |
21. | യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസർയ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി. |
22. | രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ. |
23. | യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമർയ്യയിൽ നാല്പത്തൊന്നു സംവത്സരം വാണു. |
24. | അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല. |
25. | ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി. |
26. | യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു, |
27. | യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു. |
28. | യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. |
29. | യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖർയ്യാവു അവന്നു പകരം രാജാവായി. |
← 2Kings (14/25) → |