← 1Samuel (25/31) → |
1. | ശമൂവേൽ മരിച്ചു; യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പോയി പാർത്തു. |
2. | കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു. |
3. | അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. |
4. | നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു. |
5. | ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി: |
6. | നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ. |
7. | നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടു കൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കു ഒന്നും കാണാതെ പോയതുമില്ല. |
8. | നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ. |
9. | ദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു. |
10. | നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു. |
11. | ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു. |
12. | ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു. |
13. | അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു. |
14. | എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു. |
15. | എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല. |
16. | ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു. |
17. | ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ. |
18. | ഉടനെ അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു; |
19. | നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ലതാനും. |
20. | അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവൾ അവരെ എതിരേറ്റു. |
21. | എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു. |
22. | അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു. |
23. | അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. |
24. | അവൾ അവന്റെ കാൽക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ. |
25. | ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല. |
26. | ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. |
27. | ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കു ഇരിക്കട്ടെ. |
28. | അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. |
29. | മനുഷ്യൻ നിന്നെ പിന്തുർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും. |
30. | എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കിവെക്കുമ്പോൾ |
31. | അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. |
32. | ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. |
33. | നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. |
34. | നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു. |
35. | പിന്നെ അവൾ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യിൽനിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു. |
36. | അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല. |
37. | എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി. |
38. | പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി. |
39. | നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവെക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു. |
40. | ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. |
41. | അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു. |
42. | ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു. |
43. | യിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാര്യമാരായ്തീർന്നു. |
44. | ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു. |
← 1Samuel (25/31) → |