← 1Kings (6/22) → |
1. | യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി. |
2. | ശലോമോൻരാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു |
3. | ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു. |
4. | അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി. |
5. | മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി. |
6. | താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു. |
7. | വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു. |
8. | താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴൽകോവണിയിൽകൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം. |
9. | അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു. |
10. | ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു. |
11. | ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: |
12. | നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും. |
13. | ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല. |
14. | അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു. |
15. | അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു. |
16. | ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു. |
17. | അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു. |
18. | ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല. |
19. | ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. |
20. | അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു. |
21. | ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്തു വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു. |
22. | അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു. |
23. | അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി. |
24. | ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം. |
25. | മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ. |
26. | ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ. |
27. | അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു. |
28. | കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. |
29. | അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി. |
30. | അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. |
31. | അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു. |
32. | ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു |
33. | അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു. |
34. | അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു. |
35. | അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു. |
36. | അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു. |
37. | നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽ മാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു. |
← 1Kings (6/22) → |