← 1Kings (4/22) → |
1. | അങ്ങനെ ശലോമോൻരാജാവു എല്ലാ യിസ്രായേലിന്നും രാജാവായി. |
2. | അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവു പുരോഹിതൻ. |
3. | ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി; |
4. | യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ; |
5. | നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു; |
6. | അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി. |
7. | രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും. |
8. | അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; |
9. | മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; |
10. | അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു; |
11. | നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു; |
12. | അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊൿമെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു; |
13. | ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ്ദേശവും ആയിരുന്നു, |
14. | മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്; |
15. | നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു; |
16. | ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ; |
17. | യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്; |
18. | ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും |
19. | ബാശാൻ രാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാര്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു. |
20. | യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു. |
21. | നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. |
22. | ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും |
23. | മാൻ, ഇളമാൻ, മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു. |
24. | നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു. |
25. | ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു. |
26. | ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. |
27. | കാര്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവർക്കും വേണ്ടുന്ന ഭോജനപദാർത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും. |
28. | അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. |
29. | ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. |
30. | സകലപൂർവ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. |
31. | സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു. |
32. | അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു. |
33. | ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. |
34. | ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽ നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു. |
← 1Kings (4/22) → |