← 1Kings (10/22) → |
1. | ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തികേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു. |
2. | അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. |
3. | അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല. |
4. | ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും |
5. | അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി. |
6. | അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. |
7. | ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു. |
8. | നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. |
9. | നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു. |
10. | അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല. |
11. | ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. |
12. | രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല. |
13. | ശലോമോൻരാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി. |
14. | ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ |
15. | ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു. |
16. | ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി. |
17. | അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻ വനഗൃഹത്തിൽ വെച്ചു. |
18. | രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. |
19. | സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. |
20. | ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല. |
21. | ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. |
22. | രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു. |
23. | ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു. |
24. | ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. |
25. | അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. |
26. | ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. |
27. | രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി. |
28. | ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും. |
29. | അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും. |
← 1Kings (10/22) → |