← Psalms (97/150) → |
1. | യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. |
2. | മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. |
3. | തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. |
4. | അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു. |
5. | യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. |
6. | ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു. |
7. | വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്ക്കരിപ്പിൻ. |
8. | സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. |
9. | യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ. |
10. | യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. |
11. | നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും. |
12. | നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ. |
← Psalms (97/150) → |