← Psalms (83/150) → |
1. | ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. |
2. | ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. |
3. | അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. |
4. | വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു. |
5. | അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. |
6. | ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ, |
7. | ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും; |
8. | അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ. |
9. | മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ. |
10. | അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു. |
11. | അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ. |
12. | നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ. |
13. | എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ. |
14. | വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും |
15. | നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ. |
16. | യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ. |
17. | അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ. |
18. | അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. |
← Psalms (83/150) → |