← Psalms (81/150) → |
1. | നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന്നു ആർപ്പിടുവിൻ. |
2. | തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിൻ. |
3. | അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌർണ്ണമാസിയിലും കാഹളം ഊതുവിൻ. |
4. | ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു. |
5. | മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. |
6. | ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു. |
7. | കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ. |
8. | എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു. |
9. | അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു. |
10. | മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും. |
11. | എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല. |
12. | അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു. |
13. | അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. |
14. | എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു. |
15. | യഹോവയെ പകെക്കുന്നവർ അവന്നു കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു. |
16. | അവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. |
← Psalms (81/150) → |