← Psalms (78/150) → |
1. | എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. |
2. | ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. |
3. | നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. |
4. | നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. |
5. | അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. |
6. | വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും |
7. | അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും |
8. | തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ. |
9. | ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. |
10. | അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. |
11. | അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു. |
12. | അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു. |
13. | അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. |
14. | പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. |
15. | അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു. |
16. | പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. |
17. | എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു. |
18. | തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. |
19. | അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ? |
20. | അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. |
21. | ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. |
22. | അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ. |
23. | അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. |
24. | അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. |
25. | മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. |
26. | അവൻ ആകാശത്തിൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റു വരുത്തി. |
27. | അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; |
28. | അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. |
29. | അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു. |
30. | അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ, |
31. | ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു. |
32. | ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. |
33. | അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. |
34. | അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും. |
35. | ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. |
36. | എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കുപറയും. |
37. | അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. |
38. | എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. |
39. | അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു. |
40. | മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! |
41. | അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. |
42. | മിസ്രയീമിൽ അടയാളങ്ങളെയും സോവാൻ വയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും |
43. | അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. |
44. | അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കി തീർത്തു. |
45. | അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. |
46. | അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. |
47. | അവൻ അവരുടെ മുന്തിരിവള്ളികളെ കൽമഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. |
48. | അവൻ അവരുടെ കന്നുകാലികളെ കൽമഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. |
49. | അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. |
50. | അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. |
51. | അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. |
52. | എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. |
53. | അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. |
54. | അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. |
55. | അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. |
56. | എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. |
57. | അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. |
58. | അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. |
59. | ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. |
60. | ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. |
61. | തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. |
62. | അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. |
63. | അവരുടെ യൌവനക്കാർ തീക്കു ഇരയായിതീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. |
64. | അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. |
65. | അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. |
66. | അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. |
67. | എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. |
68. | അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. |
69. | താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. |
70. | അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. |
71. | തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. |
72. | അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. |
← Psalms (78/150) → |