← Psalms (73/150) → |
1. | ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം. |
2. | എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി. |
3. | ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി. |
4. | അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു. |
5. | അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല. |
6. | ആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാൽക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. |
7. | അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. |
8. | അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു. |
9. | അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു. |
10. | അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു. |
11. | ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു. |
12. | ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു. |
13. | എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ. |
14. | ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. |
15. | ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു. |
16. | ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി; |
17. | ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. |
18. | നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. |
19. | എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. |
20. | ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും. |
21. | ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ |
22. | ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. |
23. | എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. |
24. | നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും. |
25. | സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. |
26. | എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. |
27. | ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. |
28. | എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. |
← Psalms (73/150) → |