← Psalms (72/150) → |
1. | ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. |
2. | അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. |
3. | നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. |
4. | ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; |
5. | സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. |
6. | അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. |
7. | അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. |
8. | അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. |
9. | മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ. |
10. | തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. |
11. | സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ. |
12. | അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. |
13. | എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. |
14. | അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും. |
15. | അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. |
16. | ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും. |
17. | അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും. |
18. | താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. |
19. | അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ. |
20. | യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ, അവസാനിച്ചിരിക്കുന്നു. |
← Psalms (72/150) → |